കൊല്ലം: രാജ്യത്തെ പൊതുസ്ഥാപനങ്ങളെല്ലാം കോർപറേറ്റുകൾക്ക് വിറ്റുതുലച്ച് തൊഴിലാളികളെ വഴിയാധാരമാക്കുകയാണ് പുതിയ തൊഴിൽ കോഡുകളിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രസർക്കാരും, വാങ്ങിക്കൂട്ടാൻ രാജ്യത്തിനകത്തും പുറത്തുമുള്ള വൻകിട കോർപറേറ്റുകളും തയാറായതോടെ, ട്രേഡ് യൂണിയനുകൾ കാലാകാലങ്ങളായി പോരാടി നേടിയ തൊഴിൽനിയമങ്ങളെല്ലാം ഇല്ലാതാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ-തൊഴിൽ മേഖലകളിൽ വിഭവസമാഹാരണവും വിനിയോഗവും ആസൂത്രിതമായി ചെയ്യേണ്ട കാര്യങ്ങളാണ്.
മുതൽ മുടക്കുന്ന തൊഴിലുടമയും അടിസ്ഥാന സൗകര്യമൊരുക്കുന്ന സർക്കാരും തൊഴിലെടുക്കുന്ന തൊഴിലാളികളും ഒന്നിച്ചു മുന്നോട്ടു പോകുന്ന ത്രികക്ഷി തൊഴിൽ സംസ്കാരമാണ് ഇതുവരെ രാജ്യം നടപ്പാക്കിയിരുന്നത്. എന്നാൽ നെഹ്റുവിയൻ സങ്കല്പത്തിലുള്ള ഈ തൊഴിൽ സംസ്കാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അട്ടിമറിച്ചതായും ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.